"വിശപ്പ് തിന്നു മരിച്ചവന്
നാക്കില വെട്ടി ബലിച്ചോറിടുക
നാളെയവന്ടെ പിറന്നാളാണ്
നേരമ്പോക്കുകള്‍ അല്‍പ്പം
നേരത്തെയാക്കുക
ആര്‍ത്തലച്ചെങ്ങാനുമൊരു
തിരമാല ആഘോഷം
കൂടാന്‍ വന്നാലോ
മാടുജീവിതങ്ങള്‍ താറുമാറാവില്ലെ
അവനിനി മരിച്ചവരാണ് കൂട്ട്
പക്ഷെ അവര്‍ക്ക് ചുമക്കാന്‍
എത്ര ശവപ്പെട്ടികള്‍ ബാക്കി
..
തിരച്ചില്‍ യന്ത്രങ്ങളില്‍
നിന്റെ പേര് നിറഞ്ഞു കവിയുന്നു
ഇടനാഴികളിലുടെ ശൂന്യതയില്‍
ടൈപ്പ് രിട്ടരുകള്‍
നിനക്കായി കലമ്പല്‍ കൂട്ടുന്നു
ഞങ്ങളോ കത്തുന്ന കരിന്തിരിക്കൂട്ടമായി
പകലിന്റെ ഇരുട്ടില്‍ ഭ്രാന്തരായി
ചിരിക്കുന്നു.
ഇടനെഞ്ഞില്‍ തിങ്ങുന്നു
പേരില്ലാത്ത വേവുകള്‍
ഇടയ്ക്കോരോ നെടുവീര്‍പ്പിലലിയുന്നു
ഇനി പറയാന്‍ കഴിയാത്ത വാക്കുകള്‍
അക്ഷര സൂര്യനെ ചുംബിക്കാനാഞ്ഞു
... പറന്ന നീ
എന്തിനീ നിഴല്‍
കൂത്തിനായി ബാക്കി വെച്ചു?
ആയുസ്സിന്‍ രേഖകള്‍ തെളിയാഞ്ഞോരാ
കൊച്ചു കൈപ്പുസ്തകം
എന്തിനീ വഴിയമ്പലത്തില്‍
മറന്നു വെച്ചു
ഉണ്ടാവില്ലിനിയൊരു ഉത്തരം
അറിയാം,എങ്കിലും
നീ നീയല്ലെ
മാറ്റിവരവില്ലാത്ത ഒറ്റക്കാലണ
പകരമില്ലാത്ത പ്രണയത്തിന്‍
പനങ്കള്ളും മോന്തി നീ
പരകായം ചെയ്തു
പൊട്ടിചിരിക്കുന്നുണ്ടാവാം
സ്വസ്തി..വാക്കിനും..
വാക്കായ വഴിപോക്കനും.