
കണ്ണീരു ആലിപ്പഴമാവുന്ന ജീവിതത്തിന്റെ തണുത്ത ആലിന്ഗനത്തില്‍ നിന്നും ഇന്ന് ഞാന്‍ മോചനം നേടും.പടര്‍ന്ന എണ്ണയില്‍ കുതിര്‍ന്നു, കരുത്തു കുഴഞ്ഞു പോയ എന്റെ ചിറകുകള്‍ നിന്റെ മിഴികളിലെ പ്രകാശത്തില്‍ ഉണക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍.മുന്‍പെ നടന്ന നീ മണലില്‍ ബാക്കിവെച്ച കാല്‍പ്പാടുകളില്‍ ഉമ്മ വെയ്ച്ചു ഒരു പുതിയ ഭൂമിക്കു വേണ്ടി ഞാന്‍ അഗാധമായി... പ്രാര്‍ഥിക്കും. എന്നിട്ട് ഉടയാടകളെല്ലാം അഴിച്ചു വെയ്ച്ചു നഗ്നയായി കടല്‍ത്തീരത്ത് അലയാനുള്ള എന്റെ ആഗ്രഹത്തെ സഫലമാക്കും . ..
കാരണം ഇന്നാണ് ആ നിമിഷമില്ലായ്മ.
ഭൂതകാലം മായുകയും ഭാവി പിറക്കുകയും ചെയ്യുന്നതിന് ഇടയിലുള്ള ദിവ്യമായ ശൂന്യത.അപ്പോള്‍ പ്രണയത്തിന്റെ പച്ചിലത്തളിരുകലാല്‍ തീര്‍ത്ത കിരീടവും അണിഞ്ഞു വരുന്ന ഒരു ദേവത സ്വാതന്ത്ര്യത്തിന്റെ കൊള്ളിമീന്‍ താക്കോല്‍ കൊണ്ട് എന്റെ ആത്മാവിനെ തുറന്നു വിടും.അതിനു ശേഷം എങ്ങനെയാണ് ഞാന്‍ ആ പഴയ ലോകത്ത് ജീവിക്കുക?
എനിക്ക് നക്ഷത്രങ്ങള്‍ ജനിക്കുന്ന സ്വര്‍ഗത്തില്‍ അവരെ പോറ്റുന്ന കാവല്‍ക്കാരിയാല്‍ മതി.
ഡിസംബര്‍..നീ യാത്ര പറഞ്ഞു മായുമ്പോള്‍ എന്റെയീ പ്രാര്‍ഥനയുടെ കുന്തീരിക്കപ്പുക കൂടി കൊണ്ടുപോവില്ലെ?