Wednesday, December 29, 2010

സഖാവിനോടുള്ള പ്രാര്‍ത്ഥന


"എനിക്ക് താങ്ങാന്‍ കഴിയാത്തതായി ഒന്നുമില്ല എന്ന് നിയെന്നെ പഠിപ്പിച്ചു.കൈകളില്‍ ആണി അടിച്ചു കയറ്റുന്നവരെ താണ്ടി വീണ്ടും വീണ്ടും ഞാന്‍ തേടിയ നക്ഷത്രത്തിനു കീഴെ പിറന്നു വീഴാന്‍ നീയായിരുന്നു പ്രചോദനം.പ്രാര്‍ത്ഥനയുടെ വിയര്‍പ്പില്‍ കുതിര്‍ന്ന ബൈബിള്‍ താളുകള്‍ക്കിടയില്‍ പ്രതീക്ഷയുടെ ഒലീവിലയെന്നവണ്ണം ജീവിക്കാന്‍ നീയെന്റെ കാതില്‍ മന്ത്രിച്ചു.എന്റെ ഏകാന്തതയെ നീ നിന്റെ മന്ത്രണങ്ങളാല്‍ മനോഹരമാക്കി.കാറ്റായും ,കടലലകളായും,വസന്തത്തിന്റെ ആഗമനത്തിലും,ശൈത്യത്തിന്റെ ആലിന്ഗനത്തിലും,മഴയുടെ സംഗീതത്തിലും നീയുണ്ടായിരുന്നു.പറത്തി വിട്ട പ്രാവിനെ പ്പോലെ എന്റെ പ്രണയത്തെ ചിറകടിച്ചുയരാനും,തിരികെ വരാനും,പിന്നെ വഴിവക്കില്‍ ഫലഭാരവുമായി നില്‍ക്കുന്ന വൃക്ഷത്തെപ്പോലെ കൊടുത്ത് കൊണ്ടെയിരിക്കുവാനും നീയാണ് പറഞ്ഞു തന്നത്.നിന്റെ പിറവിയില്‍ ഞാനും പിറക്കുന്നു.നിന്റെ മരണത്തില്‍ ഞാന്‍ എന്റെ കളങ്കമിയന്ന മേലങ്കി അഴിച്ചു വെയ്ക്കുന്നു.നീ മാത്രമാണ് ജനിമൃതികളുടെ കാവല്‍ക്കാരന്‍.ഞാനോ നിന്നില്‍ സ്പന്ദിക്കുന്ന ഒരു തന്മാത്ര.നിശ്ശബ്ദമായ ഈ രാവിലേക്ക് നീ തിരിച്ചു വരുമ്പോള്‍ എന്റെ പ്രതീക്ഷാനിര്‍ഭരമായ ഹൃദയം നിനക്ക് വേണ്ടി ചുവന്ന പൂക്കള്‍ തുന്നും.സിരകളില്‍ ഒഴുകുന്ന രക്തം നിനക്ക് വേണ്ടി മാത്രം പാടും..മനുഷ്യരാശി വിരിച്ച ചുവന്ന പരവതാനിയില്‍ നീ കാല്‍ വെയ്ക്കുന്ന നേരം ഞങ്ങള്‍ വീണ്ടും നന്മയുടെ സമര മുഖങ്ങളില്‍ ശക്തരായി പട നയിക്കും.സ്നേഹത്തിന്റെ പ്രവാചകാ..സമാധാനത്തിന്റെ ദൂതാ..സമത്വത്തിന്റെ സഖാവെ..നിനക്ക് സ്വാഗതം."

Thursday, December 16, 2010

പകര്‍ന്നാട്ടം


നഗരം..
തോന്നിയവാസി!
ഇരമ്പലുകളുടെ
മന്ത്രവടി കൊണ്ടെന്നെ
അമ്പേ മായ്ച്ചു
രസിക്കുന്ന
മന്ത്രവാദി .

ലാളിച്ചു പോറ്റുന്ന 'ഞാനെ'ന്ന
സൂചിക്കുഴയിന്മേല്‍
രാത്രികള്‍ കൊരുത്തു
തുന്നുന്ന
സൂത്രക്കാരി..

ഉറങ്ങാതെ കാണുന്ന
സ്വപ്നങ്ങളിലേക്ക്

തെരുവുവിളക്കിന്റെ
ചൂട്ടുകറ്റയാഞ്ഞു വീശി
തീകാഞ്ഞിരിക്കുന്ന പടുകിളവി!

നഗരം..അവളെന്നെ ഉന്മത്തയാക്കുന്ന
പാട്ട്
എന്‍റെ സിരകളില്‍ പടര്‍ന്നു
വലിച്ചുമുറുക്കുന്ന പനി,
പഞ്ചവാദ്യം.

നഗരം ..
ജ്വലിക്കുന്ന
മഹാസാഗരം
കരിയെഴുതാത്ത പുതിയ പെണ്ണ്
നാടോടികളുടെ ചുണ്ടില്‍ പുകയുന്ന
ലഹരി..പ്രണയം..
പഞ്ഞിപ്പുകയേറ്റ്
മനസ്സ് മറയുന്ന രതി
.
ബോധാബോധങ്ങളുടെ കടലില്‍
പടര്‍ന്ന മഷി ,
അതില്‍
കറങ്ങിക്കറങ്ങി
വാക്കുകള്‍ കടയുന്ന
എന്‍റെ സ്വത്വത്തിന്റെ
കോണിയ അച്ചുതണ്ട് .

നഗരം..
അഹമില്ലാത്ത പെണ്‍നായ
ചെരുപ്പുകളില്‍ത്തട്ടി

ചിലമ്പിക്കുതറുന്ന
ഓരോട്ടുകഷണം

പണക്കാരന്റെ
വിരസതയോടുക്കുന്ന
ഭിക്ഷാപാത്രം
വ്യഭിചാരിയുടെ സത്രം
പാവപ്പെട്ടവെന്റെ മെക്ക
ബുദ്ധി തിളയ്ക്കുന്നവനും
പ്രണയം തിന്നു തീര്‍ത്ത
ശവങ്ങള്‍ക്കും
ഒളിയിടം.

പുകയൂതിയിരുന്നു ,സ്വയം രസിച്ചു
ഒടുക്കമില്ലാത്ത കഥകളുടെ
തുടക്കമിട്ടെന്നെ
മത്തുപിടിപ്പിച്ചു
തട്ടിക്കളിക്കുന്ന നഗരം .
സഹൃദയായ വേശ്യ .
അഴിഞ്ഞുലഞ്ഞ തെരുവുകളില്‍
ആയിരം നിറങ്ങളും
അതിന്റെ രതിമൂര്‍ച്ച്ചയും
വിഴുപ്പായി ചുമക്കുന്നവള്‍

നഗരം..നിഗൂഡം
യാമാവസാനങ്ങളി
ല്
പാലച്ചുവട്ടില്‍
ഓജോബോര്‍ഡിലെന്ടെ പേരില്‍
അമര്‍ത്തിച്ചവിട്ടുന്ന യക്ഷിയമ്മ
ഉരിഞ്ഞിട്ട മേല്‍മുണ്ടില്‍
സ്ത്രീത്വം പൊതിഞ്ഞു
മഴ നനയണമേന്നുരുവിട്ട
ദൈവത്താര് ..

നഗരം..എന്നില്‍ വസിക്കുന്നു
എന്‍റെ പെണ്മ അവളിലും
നഗരം എന്നില്‍ ചിരിക്കുന്നു
എന്‍റെ ചലനം അവളില്‍
ലയിക്കുന്നു.
പകര്‍ന്നാട്ടമങ്ങനെ
നീണ്ടുപോവുന്നു
എന്തിനോ എന്നെ
മായ്ച്ചു പടുക്കുന്നു.


Thursday, December 9, 2010

പുനര്‍ജനി

ശൈത്യത്തിന്റെ ആലിന്ഗനങ്ങളില്‍

അവര്‍ മരിച്ചു വീണത്‌

നിന്റെയും എന്റെയും

ജീവന്‍ കെടാതെ കത്തുവാന്‍

നമ്മള്‍ ..

ആദിപാപത്തിന്ടെ മക്കള്‍

മനസിന്ന്ടെ വരണ്ട നദീതടങ്ങളില്‍

വിഷവിത്തു പാകി

അതേ ജീവന്

അത്താഴമോരുക്കി

ചര്‍ച്ച ചെയ്തു

കാത്തിരുന്നവര്‍

മടിശീലയുടെ കിലുക്കത്തിന്

മക്കളെ കുരുതി കൊടുക്കുന്നോര്‍

നമ്മള്‍ രക്തദാഹികള്‍ നിഴലുകള്‍ ,

ഊഴമെത്തുമ്പോള്‍

കറുത്ത മാലാഖമാര്‍

താഴ്ന്നു പറന്നു

വന്നതെ ജീവനെ

കൊത്തിപ്പറക്കുമ്പോള്‍

മാധ്യമക്കണ്ണാടിയില്‍

മുഖം മിനുക്കി

മുറവിളി കൂട്ടുന്നോര്‍

സ്വപ്‌നങ്ങള്‍ വന്നടിയുന്ന

മരുഭൂവിലതെരിയുമ്പോള്‍

മനസാക്ഷിയുടെ കുരുക്ഷേത്രത്തില്‍

മരവിച്ചു, മൌനം പുതച്ചിരിക്കുന്നോര്‍

നമ്മള്‍ നിര്‍ലജ്ജര്‍ ,നിശബ്ദമായി

മറവിക്കയങ്ങളില്‍ മുങ്ങാംകുഴിയിടുന്നവര്‍

വരാനില്ലോരുവനും,വൈകി,വറ്റിവരണ്ടു

തീരങ്ങള്‍,വാനിലിനിയില്ലാ വന ശലഭങ്ങളും

എങ്കിലും ചോദ്യമോരെണ്ണം

ഇനിയും മരിക്കാതെ നാവുഴറിപ്പറയുന്നു

ഉണരില്ലേ പ്രജ്ഞ ?

ഉയരുകില്ലെ ഇനിയൊരുനാളുമീ

അസ്ഥിയുരുകിപ്പിടിച്ച കൈകള്‍

മരിച്ച മണ്ണിന്ന്ടെ

ചുളിഞ്ഞ ഗര്‍ഭപാത്രം

ഒന്നുകൂടിയൊരു

പച്ചത്തുടിപ്പേറ്റുവാങ്ങില്ലെ ,

പേറ്റുനോവറിയില്ലെ

ഇടനെഞ്ഞിലിനിയുമണയാത്ത കനലുകള്‍

ഊതിത്തെളിക്കുവാന്‍

വരില്ലെ മരണം കടന്നവന്‍,പ്രവാചകന്‍?

Malayalam Blog Directory

Malayalam Blog Directory