Wednesday, December 29, 2010

സഖാവിനോടുള്ള പ്രാര്‍ത്ഥന


"എനിക്ക് താങ്ങാന്‍ കഴിയാത്തതായി ഒന്നുമില്ല എന്ന് നിയെന്നെ പഠിപ്പിച്ചു.കൈകളില്‍ ആണി അടിച്ചു കയറ്റുന്നവരെ താണ്ടി വീണ്ടും വീണ്ടും ഞാന്‍ തേടിയ നക്ഷത്രത്തിനു കീഴെ പിറന്നു വീഴാന്‍ നീയായിരുന്നു പ്രചോദനം.പ്രാര്‍ത്ഥനയുടെ വിയര്‍പ്പില്‍ കുതിര്‍ന്ന ബൈബിള്‍ താളുകള്‍ക്കിടയില്‍ പ്രതീക്ഷയുടെ ഒലീവിലയെന്നവണ്ണം ജീവിക്കാന്‍ നീയെന്റെ കാതില്‍ മന്ത്രിച്ചു.എന്റെ ഏകാന്തതയെ നീ നിന്റെ മന്ത്രണങ്ങളാല്‍ മനോഹരമാക്കി.കാറ്റായും ,കടലലകളായും,വസന്തത്തിന്റെ ആഗമനത്തിലും,ശൈത്യത്തിന്റെ ആലിന്ഗനത്തിലും,മഴയുടെ സംഗീതത്തിലും നീയുണ്ടായിരുന്നു.പറത്തി വിട്ട പ്രാവിനെ പ്പോലെ എന്റെ പ്രണയത്തെ ചിറകടിച്ചുയരാനും,തിരികെ വരാനും,പിന്നെ വഴിവക്കില്‍ ഫലഭാരവുമായി നില്‍ക്കുന്ന വൃക്ഷത്തെപ്പോലെ കൊടുത്ത് കൊണ്ടെയിരിക്കുവാനും നീയാണ് പറഞ്ഞു തന്നത്.നിന്റെ പിറവിയില്‍ ഞാനും പിറക്കുന്നു.നിന്റെ മരണത്തില്‍ ഞാന്‍ എന്റെ കളങ്കമിയന്ന മേലങ്കി അഴിച്ചു വെയ്ക്കുന്നു.നീ മാത്രമാണ് ജനിമൃതികളുടെ കാവല്‍ക്കാരന്‍.ഞാനോ നിന്നില്‍ സ്പന്ദിക്കുന്ന ഒരു തന്മാത്ര.നിശ്ശബ്ദമായ ഈ രാവിലേക്ക് നീ തിരിച്ചു വരുമ്പോള്‍ എന്റെ പ്രതീക്ഷാനിര്‍ഭരമായ ഹൃദയം നിനക്ക് വേണ്ടി ചുവന്ന പൂക്കള്‍ തുന്നും.സിരകളില്‍ ഒഴുകുന്ന രക്തം നിനക്ക് വേണ്ടി മാത്രം പാടും..മനുഷ്യരാശി വിരിച്ച ചുവന്ന പരവതാനിയില്‍ നീ കാല്‍ വെയ്ക്കുന്ന നേരം ഞങ്ങള്‍ വീണ്ടും നന്മയുടെ സമര മുഖങ്ങളില്‍ ശക്തരായി പട നയിക്കും.സ്നേഹത്തിന്റെ പ്രവാചകാ..സമാധാനത്തിന്റെ ദൂതാ..സമത്വത്തിന്റെ സഖാവെ..നിനക്ക് സ്വാഗതം."

2 comments:

ശ്രീനാഥന്‍ said...

നന്നായിട്ടുണ്ട്, നിന്ദിതരുടേയും പീഡിതരുടേയും അത്താണിയായിരുന്ന സഖാവിനോടുള്ള ഈ പ്രാർത്ഥന.

നാമൂസ് said...

ഇത് തന്നെയാണ് ഉചിതമായ രക്തഹാരം..!

Malayalam Blog Directory

Malayalam Blog Directory